നോമിനീ


      രണ്ട് ദിവസത്തെ അവധി കഴിഞ്ഞു നാട്ടിൽ നിന്ന് രാവിലെ എത്തിയതേ ഉള്ളു... അതിന്റെ ഉറക്ക ക്ഷീണം വല്ലാതെ അലട്ടുന്നുണ്ട്... വെളുപ്പിന് മൂന്ന് മണിക്ക് എണീറ്റു.. ഏകദേശം അഞ്ച്  മണിക്കൂർ  യാ


ത്ര ചെയ്തു എട്ടര മണി ആയപ്പോൾ താമസിക്കുന്ന വാടക  വീട്ടിൽ എത്തി.കുളിച്ചു റെഡിയായി ഒൻപത് മുപ്പതിന് ബാങ്കിൽ എത്തി... വന്നു കേറിയപ്പോൾ തൊട്ട് ഫോൺ നിറുത്താതെ ബെൽ അടിക്കുന്നുണ്ട്.എടുത്തപ്പോൾ ആദ്യം തന്നെ അയാൾ ദേഷ്യത്തോടെ ആണ് സംസാരിച്ചത് "എത്ര നേരമായി വിളിക്കുന്നു ബാങ്കിൽ ഇരിക്കുന്നവർക്ക് ഒന്നും ഒരു ഉത്തരവാദിത്തം ഇല്ലാലോ.. " ഹും.. അതെങ്ങനാ പൊതു മേഖല ബാങ്ക് അല്ലെ..? ഞങ്ങളുടെ ഒക്കെ ക്യാഷ് അവിടെ കിടക്കുന്നത് കൊണ്ടാണ് നിങ്ങൾക്കൊക്കെ ശമ്പളം കിട്ടുന്നത് !!! " ഇത്രയും അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.ബാങ്ക് കോച്ചിംഗ് പോയതും പഠിച്ചതും,  പരീക്ഷ പാസായതും ഇന്റർവ്യൂ അറ്റൻഡ് ചെയ്തതും ഒക്കെ ഒരു മിന്നായം പോലെ മനസ്സിൽ ഓടി മറഞ്ഞു..എന്നാലും "കസ്റ്റമർ ഈസ്‌ കിങ് " എന്നാണല്ലൊ ... ശബ്ദം തെല്ലും ഇടറാതെ ഞാൻ  പറഞ്ഞു "സർ പറഞ്ഞോളൂ.. എന്ത് ഹെല്പ് ആണ് ഞാൻ ചെയ്യേണ്ടത്? " 

"എന്റെ അമ്മയുടെ പെൻഷൻ  അക്കൗണ്ട് ഉണ്ട് അവിടെ.. ഞാൻ മെയിൽ അയച്ചിരുന്നു ആരും റിപ്ലൈ തന്നിട്ടില്ല രണ്ടു  ദിവസമായി." മെയിൽ വേഗം ചെക്ക് ചെയ്തു രണ്ട് മൂന്ന്  ഇമെയിൽ വന്നിട്ടുണ്ട്  ..  ഫ്രൈഡേ രാത്രി 8 മണിക്കാണ് ഒരു മെയിൽ വന്നിരിക്കുന്നത് " സർ, പേര്  ജേക്കബ് ജോർജ് എന്നാണോ?  "അതെ ", സാറ്റർഡേ  സൺ‌ഡേ അവധി ആയിരുന്നല്ലോ സർ അതാണ് റിപ്ലൈ തരാൻ പറ്റാതെ ഇരുന്നത്. അത് അയാളുടെ സ്വരം ഒന്നുകൂടി കനപ്പിച്ചു "കൊറോണ കാരണം നിങ്ങൾക്കാണല്ലോ ഏറ്റവും നേട്ടം " എല്ലാ സാറ്റർഡേസ് അവധി ആയല്ലോ.. കസ്റ്റമർന്റെ ബുദ്ധിമുട്ട് ആർക്കും  അറിയണ്ടല്ലോ.. അല്ലെ  "അങ്ങനെ അല്ല സർ.. ഞങ്ങൾ... " " വേണ്ടാ എനിക്ക് നിങ്ങളുടെ വർത്തമാനം കേൾക്കണ്ട എന്റെ മെയിലിനു റിപ്ലൈ തരാൻ ഇപ്പോൾ പറ്റുമോ !!??  യെസ് സർ ഉടനെ അയക്കാം  സർ.. ശരി ഓക്കെ എന്ന് പറഞ്ഞു കൊണ്ട് അയാൾ ഫോൺ കട്ട്‌ ചെയ്തു.  മെയിൽ എടുത്ത് വായിക്കാൻ തുടങ്ങിയപ്പോൾ ആണ് പെൻഷൻ അക്കൗണ്ട് ന്റെ പേര് കണ്ടത് "അന്നമ്മ ജോർജ് "..My mother expired on 29th June 2020.. ആദ്യ വാചകം കണ്ടപ്പോൾ തന്നെ മനസ്സ് പിടഞ്ഞു... അതെ ജേക്കബ് ജോർജ് ന്റെ അമ്മ അന്നമ്മ ജോർജ് മരിച്ചു !!ജൂൺ 29 നു... ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടാത്തത് കൊണ്ട് ആവാം  അയാൾ പേപ്പറിൽ വന്ന ചരമ വാർത്തയുടെ കട്ടിംഗ് ആണ് മെയിലിൽ ചേർത്തിരിക്കുന്നത്... ഫോട്ടോ കണ്ടപ്പോൾ എന്റെ മനസ്സ് കുറച്ചു മാസം   പുറകോട്ടു സഞ്ചരിച്ചു... 2019ൽ ഡിസംബർ മാസത്തിലോ മറ്റോ ആണ് രാവിലെ ഒരു കാൾ വന്നത് "ഹലോ ബാങ്കല്ലേ " ക്ഷീണിച്ച പ്രായമായ ഒരു സ്വരം.. ഞാൻ പറഞ്ഞു അതെ പറഞ്ഞോളൂ... "മോളെ എന്റെ പേര് അന്നമ്മ എന്നാ അക്കൗണ്ടിലേ പേര് അന്നമ്മ ജോർജ് എനിക്ക് പെൻഷൻ ഉണ്ട്, ഈ മാസം വന്നിട്ടുണ്ടോ എന്നറിയണം." അക്കൗണ്ട് നോക്കിയപ്പോൾ ബാലൻസ് ഉണ്ടെങ്കിലും ആ മാസത്തെ പെൻഷൻ വന്നിട്ടില്ല. "മാഡം പെൻഷൻ വന്നിട്ടില്ലല്ലൊ...  ലൈഫ് സർട്ടിഫിക്കറ്റ് കൊടുത്തിരുന്നോ? "അയ്യോ മോളെ... നവംബർ മാസം കൊടുക്കാൻ മറന്നു പോയി.. (പെൻഷൻ വാങ്ങുന്ന ആൾ  ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഉള്ളതാണ് ലൈഫ് സർട്ടിഫിക്കറ്റ്..) അതെന്താ മാഡം   എല്ലാ വർഷവും കൊടുക്കണം എന്നാലേ പെൻഷൻ സ്റ്റോപ്പാകാതെ ഇരിക്കുള്ളൂ ഞാൻ പറഞ്ഞു... മോളെ എനിക്ക് എഴുപത്തിയൊൻപതു വയസു കഴിഞ്ഞു ഒക്ടോബറിൽ ഞാൻ ഒന്ന് വീണ് കാലും ഒടിഞ്ഞു... ഇപ്പോ കമ്പി ഇട്ടിരിക്കുയാണ്.. നവംബറിൽ റസ്റ്റായിരുന്നു,  വരാൻ പറ്റിയില്ല. ആരും ഇല്ല എന്നെ കൊണ്ടുവരാൻ.. എന്ത് ചെയ്യാൻ പറ്റും മോളെ പെൻഷൻ  കിട്ടാൻ??മാഡം  ഞാൻ പത്തു  മിനിറ്റ് കഴിഞ്ഞു  തിരിച്ചു വിളിക്കാം.ഫോൺ കട്ട്‌ ചെയ്തു  ഞാൻ വേഗം ഫോം എടുത്ത് ഫിൽ ചെയ്തു... ഞങ്ങളുടെ പ്യൂൺ ചേട്ടന്റെ അടുത്ത് കൊടുത്തു പറഞ്ഞു ചേട്ടാ ഈ മാഡത്തിന്റെ  വീട്ടിൽ പോയി ഒരു ഒപ്പ് മേടിക്കണം അവരുടെ വീട്ടിൽ ആരുമില്ല ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ആണ്... അതിനെന്താ പോകാലോ...എന്നാ ഞാൻ ആ അമ്മേനെ വിളിച്ചു പറയാം, ഫോട്ടോയും ഒപ്പും നോക്കുമ്പോൾ ആണ് രാമേട്ടൻ ചോദിച്ചത് "അല്ല മാഡം അവരുടെ വീട്ടിൽ വേറെ ആരും ഇല്ലാലോ അപ്പോൾ മാഡം കൂടി വരുന്നതല്ലെ നല്ലത് " ... സെക്ഷൻ വേറെ ഓഫീസറെ ഏല്പിച്ചു ഞാൻ വേഗം രാമേട്ടന്റെ കൂടെ ചെന്നു. ഓട്ടോയിലാണ് പോയത്, അടുത്തായിരുന്നു വീട്, ചെന്നപ്പോൾ ആ അമ്മ ഒറ്റക്കാണ്, ഞങ്ങളെ കണ്ടപ്പോൾ വല്യ സന്തോഷം വിളിച്ചിരുത്തി, നടക്കാൻ ബുദ്ധിമുട്ടാണ്.. എന്നിട്ടും ചിരിച്ചു ഒരുപാട് വർത്തമാനം പറഞ്ഞു...  ഞങ്ങൾ ചെന്നതിനു ഒരുപാട് നന്ദി പറഞ്ഞു... പിന്നെ മോനെ പറ്റിയും.. ഒറ്റ മകൻ ആണ് ഓസ്ട്രേലിയയിൽ വല്യ ജോലി ആണ് അവനും ഭാര്യക്കും. കൊച്ചുമക്കൾ രണ്ട് പേരുണ്ട്, അവിടെ വല്യ തിരക്കാ മോളെ അവർക്കു... കാലൊടിഞ്ഞപ്പോൾ അവൻ അടുത്ത് ഉണ്ടയിരുന്നുവെങ്കിൽ  എന്ന് തോന്നി.. ഹോം നേഴ്സ് ഉണ്ടായിരുന്നു കുറച്ചു നാൾ കൂട്ടിനു... ഇപ്പോ വീണ്ടും ഒറ്റക്കായി. ഹാ, പിന്നെ അവരുടെ തിരക്ക് നമ്മളല്ലേ മനസിലാക്കേണ്ടത്..എന്ന് പറഞ്ഞു. ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി ഞങ്ങൾ തിരിച്ചു പോന്നു.എട്ടാമത്തെ വയസിൽ അമ്മയെ നഷ്ടപെട്ട  എനിക്ക് ആ അമ്മയെ ഒരുപാട് ഇഷ്ടമായി.

കാലു ശരിയായി നടക്കാൻ തുടങ്ങിയപ്പോൾ തൊട്ട് അന്നമ്മമ്മ  ബാങ്കിൽ വരാൻ തുടങ്ങി.. വരുമ്പോൾ ഒക്കെ എന്റടുത്തു വന്നു വിശേഷങ്ങൾ തിരക്കും, അങ്ങനെ ഞങ്ങൾ വലിയ കൂട്ടായി.. ഒരു ദിവസം വലിയ സന്തോഷമായിരുന്നു വന്നപ്പോൾ,  "മോളെ അടുത്ത ആഴ്ച മകനും ഫാമിലിയും എത്തും... എന്റെ എൺപതാം പിറന്നാൾ ആണ്... മോളും വരണം വേറെ ആരേം വിളിക്കാനില്ല എനിക്ക്."ഞാൻ പറഞ്ഞു വരാം... ഒരു സാരി വാങ്ങി ആ അമ്മയ്ക്ക് കൊടുക്കമെന്ന് ഓർത്തു....ജൂൺ 29 ഒരു ബുധനാഴ്ച  വൈകുന്നേരം ആയിരുന്നു അന്ന്,  ഞാൻ സാരിയുമായിട്ട് ചെന്നപ്പോൾ വാതിൽ പടിയിൽ ഇരിക്കുന്നുണ്ട് അന്നാമ്മമ്മ, വാടിയ മുഖം, എന്നെ കണ്ടപ്പോൾ ചിരിച്ചെന്നു വരുത്തി, എന്നിട്ട് പറഞ്ഞു " അവരൊന്നും വന്നില്ല മോളെ... അവിടെ മരുമകളുടെ ഓഫീസിൽ എന്തോ വലിയ ആഘോഷമാണ് ഇന്ന്... കമ്പനി അൻപത് വർഷം ആയതിന്റെ...ആണത്രേ. മോൻ ആണേൽ  ഒറ്റക്ക് വരാൻ നോക്കിയപ്പോ ഫ്ലൈറ് ടിക്കറ്റ് കിട്ടിയില്ല എന്ന് പറഞ്ഞു. സാരിയുടെ പാക്കറ്റ് ഞാൻ കയ്യിൽ വെച്ച് കൊടുത്തു ഹാപ്പി ബെർത്ഡേയ് എന്ന് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞത് ഞാൻ കണ്ടു... എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരുമ്മ തന്നു ആ അമ്മ....മക്കളെ ഊട്ടും പോലെ ചോറും കറിയും ഒക്കെ ആ കൈ കൊണ്ട് വിളമ്പി എനിക്ക് തരുമ്പോൾ വലിയ സന്തോഷമായിരുന്നു ആ മുഖത്ത് ..ഏകദേശം ഏഴു  മണിയായപ്പോൾ ഞാൻ അവിടന്നു ഇറങ്ങി. പെൻഷൻ വാങ്ങാൻ രാവിലേ വരാം മോളെ എന്ന് പറഞ്ഞാണ് എന്നെ യാത്രയാക്കിയത്. ഒരമ്മയുടെ സ്നേഹം ആദ്യമായിട്ട് കിട്ടിയ ഒരു കുഞ്ഞിനെപ്പോലെ.. എന്റെ മനസ്സ്.... ഒരുപാട് സന്തോഷം കൊണ്ട് നിറഞ്ഞു ... പിറ്റേന്ന് അന്നമ്മമ്മ ബാങ്കിൽ വന്നില്ല... ഫോണിൽ വിളിച്ചു ആരും എടുത്തില്ല... നാട്ടിൽ പോയി വന്നിട്ട് അവിടെ വരെ പോണം എന്ന് കരുതി.നാട്ടിൽ നിന്ന് രാവിലെ വന്നു, സീറ്റിൽ ഇരിക്കുമ്പോഴാണ് ഈ ഫോൺ കാൾ... ജേക്കബ് ജോർജ്ന്റെ..അതെ  അന്നമ്മാമ്മയുടെ ഏക  മകന്റെ ഫോൺകാൾ !! ഇമെയിൽ ഇൻബൊക്സ് വീണ്ടും ഓപ്പൺ ചെയ്തു ഞാൻ. കണ്ണ് നിറഞ്ഞു തുളുമ്പിയത് കൊണ്ട് ഇമെയിലിലെ  വാക്കുകൾ എനിക്ക് മുന്നിൽ ഒളിച്ചു കളിച്ചു കൊണ്ടിരുന്നു,  എന്നിരുന്നാലും   ഇതായിരുന്നു ഇമെയിലിന്റെ  ഉള്ളടക്കം "എന്റെ അമ്മ അന്നമ്മ ജോർജ് 29 ജൂൺ 2020 നു മരണപെട്ടു,  അവരുടെ പേരിൽ പെൻഷൻ അക്കൗണ്ട് നമ്പർ ××××5678 ൽ 3, 45, 689 രൂപയും ഫിക്സിഡ് ഡെപോസിറ്റിൽ 12, 50, 000 രൂപയും ഉണ്ട് രണ്ടിലും നോമിനീ അവരുടെ മകൻ ജേക്കബ് ജോർജ് എന്ന   ഞാൻ ആണ്. എന്റെ അക്കൗന്റിലേക് ഈ രണ്ട് തുകയും  ട്രാൻസ്ഫർ ചെയ്യാൻ ഞാൻ എന്തൊക്കെയാണ് ചെയ്യണ്ടത്.."

ഇന്ദുലേഖ



Comments

Post a Comment

Popular posts from this blog

സ്നേഹം

വിമൻസ് ഡേ